ഈ മൂന്ന് ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കണം; കോവിഡില്‍ മുന്നറിയിപ്പുമായി സിഡിസി

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി. മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കില്‍ ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ‘സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുള്‍പ്പെടുന്നില്ല. കോവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ പട്ടിക പുതുക്കുന്നതു തുടരും’- സിഡിസി അവരുടെ വെബ്സൈറ്റില്‍ പറഞ്ഞു. കോവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. സാര്‍സ് കോവ്-2 വൈറസ് ബാധിച്ച് 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.