ഇൻഡസ്​ട്രിയയിൽ ഏരിയയിലെ തൊഴിലാളികൾക്ക്​ ഭക്ഷണവും മരുന്നും ഉറപ്പാക്കി ഖത്തർ

ദോഹ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചു പൂട്ടിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികൾക്ക്​ ഭക്ഷണവും മരുന്നും എത്തിച്ച്​ ഖത്തർ അധികൃതർ. നിലവിലെ സാഹചര്യങ്ങള്‍ തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. പ്രമേഹം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയുള്ളവർക്ക്​ ആരോഗ്യവിദഗ്ധരുടെ സേവനവും ലഭ്യമാക്കിയതായി ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ചുമതലയുള്ള സെക്യൂരിറ്റി കമാന്‍ഡര്‍ ലെഫ്. കേണല്‍ അഹ്മദ് മുഹമ്മദ് അല്‍ ഗാനിം പറഞ്ഞു. തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രങ്ങളും മറ്റും സന്ദര്‍ശിച്ച് അണുനാശിനി, കൈയുറ, മാസ്‌ക് തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് മാത്രമായി ഇവിടെ ഫീല്‍ഡ് ആശുപത്രിയും സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ നേതൃത്വത്തില്‍ ഔട്ട്‌പേഷ്യൻറ്​ ക്ലിനിക്ക് നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. മേഖല ഒന്നടങ്കം വൃത്തിയാക്കി അണുനശീകരണം നടത്തി. തൊഴിലാളികള്‍ക്കായി ഖത്തര്‍ ചാരിറ്റി അടക്കമുള്ള സന്നദ്ധ, ദുരിതാശ്വാസ സംഘടനകളുടെ ഭക്ഷണ വിതരണം മുടങ്ങാതെ നടക്കുന്നുണ്ട്. മേഖലയില്‍ എക്‌സേഞ്ചുകളും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.