ഇന്‍റർനെറ്റ് എക്സ്‌പ്ലോറർ യുഗം അവസാനിക്കുന്നു; തീരുമാനം എടുത്ത് മൈക്രോസോഫ്റ്റ്

ഇന്റർനെറ്റ് എക്സ്‌പ്ലോറർ യുഗം അവസാനിക്കുന്നു. തങ്ങളുടെ ഏറ്റവും പഴക്കമുള്ള ബ്രൌസിംഗ് എഞ്ചിന് നല്‍കുന്ന സപ്പോര്‍ട്ട് അടുത്തവര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എക്സ്‌പ്ലോറർ 11 ഉം അതിന് അനുബന്ധമായ 365 ആപ്പുകള്‍ക്കുമുള്ള സപ്പോര്‍ട്ട് ഓഗസ്റ്റ് 17, 2021ല്‍ അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ അറിയിക്കുന്നത്.

ഇന്റർനെറ്റ് എക്സ്‌പ്ലോറർ ഇതോടെ അടുത്തവര്‍ഷം ഓഗസ്റ്റ് മാസത്തിന് ശേഷം നിലവിലുണ്ടാകില്ല എന്ന കാര്യം വ്യക്തമാണ്. എന്തായാലും ഈ ബ്രൌസര്‍ നിര്‍ത്തുന്നതില്‍ ടെക് ലോകത്ത് വലിയ അത്ഭുതമൊന്നും കാണില്ല. ലോകത്ത് തന്നെ ഏറ്റവും വേഗത കുറഞ്ഞ ബ്രൌസര്‍ എന്ന പേരില്‍ നിരന്തരം ട്രോള്‍ നേരിടുന്ന ഒരു ബ്രൌസറാണ് ഇന്റർനെറ്റ് എക്സ്‌പ്ലോറർ.

മൈക്രോസോഫ്റ്റ് എന്ന കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ കൂടെയാണ്‌ ഐഇ പുറത്തിറക്കിയത്. ഇത് ആദ്യം എത്തിയത് 1995 ഓഗസ്റ്റിലാണ്. 2002-2003 കാലയളവിൽ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ്‌.

വിൻഡോസ് 95നു വേണ്ടി ആദ്യ പതിപ്പു ഇറങ്ങിയതിനു ശേഷം മാക്ക് ,യുനിക്സ്,എച്ച്.പി-യു.എക്സ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കു വേണ്ടിയും പ്രത്യേക പതിപ്പുകൾ ഇറങ്ങി.ഇതിൽ ചില പതിപ്പുകൾ ഇപ്പോൾ നിലവിലില്ല.