ഇന്ത്യ ചൈന തർക്കം : പ്രകോപനവുമായി അമേരിക്ക ; പതിനായിരം അമേരിക്കന്‍ പട്ടാളക്കാര്‍ ദക്ഷിണേഷ്യയിലേക്ക്

ജർമനിയിൽനിന്ന്‌ പിൻവലിക്കുന്ന പതിനായിരത്തോളം സേനാംഗങ്ങളെ ചൈനയെ നേരിടാൻ നിയോഗിക്കുമെന്ന്‌ അമേരിക്കൻ വിദേശസെക്രട്ടറി മൈക്ക്‌ പോംപിയോ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ചൈനയുടെ ഭീഷണിയിൽനിന്ന്‌ രക്ഷിക്കാനാണ്‌ ഈ തീരുമാനമെന്നും ബ്രസൽസ്‌ ഫോറം ഉച്ചകോടിയിൽ പോംപിയോ പ്രഖ്യാപിച്ചു.

കിഴക്കൻ ലഡാക്കിലെ അതിര്‍ത്തിപ്രശ്നം മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇല്ലാതെ പരിഹരിക്കാനാകുമെന്ന് ഇന്ത്യയും ചൈനയും മറ്റ് ലോകരാഷ്ട്രങ്ങളും ആവര്‍ത്തിക്കവെയാണ് സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ യുദ്ധോത്സുക നിലപാടുമായി അമേരിക്ക രം​ഗത്തെത്തിയത്. ദക്ഷിണചൈന കടലിൽ നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ‌ അമേരിക്കയുടെ ഭാവി പ്രതിരോധതന്ത്രം തീരുമാനിക്കുമെന്ന് പോംപിയോ പറഞ്ഞു. ജർമനിയിലെ അമേരിക്കന്‍ പട്ടാളക്കാരുടെ എണ്ണം അരലക്ഷത്തില്‍ നിന്ന് കാൽലക്ഷമാക്കുമെന്ന് ‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇവരെ അമേരിക്കയുടെ അടിസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി വിന്യസിക്കും. ലോകമെമ്പാടുമുള്ള സൈനികവിന്യാസം തന്ത്രപരമായി വിലയിരുത്തിവരികയാണ്‌. ചൈനയിൽനിന്ന്‌ അമേരിക്കയ്‌ക്കുനേരെ പലവിധ വെല്ലുവിളി ഉയരുന്നു.

“ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയിൽനിന്ന്‌ ഇന്ത്യ, മലേഷ്യ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്‌, ദക്ഷിണ ചൈന കടൽപ്രദേശം, വിയത്‌നാം എന്നിരാജ്യങ്ങള്‍ ഭീഷണി നേരിടുന്നു. പിഎൽഎ(പീപ്പിൾസ്‌ ലിബറേഷൻ ആർമി–-ചൈനീസ്‌ സേന)യെ യഥോചിതം ഞങ്ങൾ (അമേരിക്ക) നേരിടും’ പോംപിയോ പറഞ്ഞു.

ജർമനി സ്വന്തം പ്രതിരോധ ആവശ്യങ്ങൾക്കും നാറ്റോ ഫണ്ടിലേക്കും മതിയായ വിഹിതം നൽകുന്നില്ലെന്ന്‌ പോംപിയോ കുറ്റപ്പെടുത്തി. പ്രതിരോധപങ്കാളികൾ ന്യായമായ വിഹിതം നൽകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന്‌ വിമാനവാഹിനി അടക്കം പടക്കപ്പലുകളെ മൂന്ന്‌ വർഷംമുമ്പ്‌ അമേരിക്ക ഇന്ത്യ–-പസിഫിക്‌ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്‌.

ഇന്ത്യന്‍ നിലപാട് നിര്‍ണായകം

ദക്ഷിണേഷ്യയിൽ അമേരിക്ക സേനയെ വിന്യസിക്കുമെന്ന്‌ ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട്‌ നിർണായകമാകും. രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണാവകാശത്തിനും സ്വതന്ത്രവിദേശനയരൂപീകരണത്തിനും ഹാനികരമായ സൈനികസഹകരണ കരാറുകളിൽ അമേരിക്കയുമായി മോഡിസർക്കാർ ഒപ്പിട്ടിട്ടുണ്ട്‌‌. 2018ൽ കരാറായ ആശയവിനിമയ, സഹകരണ, സുരക്ഷ ഉടമ്പടി(കോംകാസ)യുടെ അടിസ്ഥാനത്തിൽ പെന്റഗണിന്‌ ഇന്ത്യൻസേനകളിൽ ഇടപെടാൻ കഴിയും. അമേരിക്കൻ സൈന്യത്തിന്‌ ഇന്ത്യയുടെ വ്യോമ–-നാവികസേനാ താവളങ്ങളിൽ പ്രവേശിക്കാനും ഉപയോഗിക്കാനും അനുമതി നൽകുന്ന ലോജിസ്റ്റിക്സ് സപ്പോർട്ട് ഉടമ്പടിയിൽ 2016ലും ഒപ്പിട്ടിരുന്നു.

ചൈന അന്താരാഷ്‌ട്ര ഉറപ്പുകൾ ലംഘിക്കുന്നു: അമേരിക്ക

ചൈനയ്‌ക്കെതിരെയും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്കെതിരെയും(സിസിപി) ആഗോളതലത്തിൽ പ്രചാരണം തീവ്രമാക്കി അമേരിക്ക. ജർമൻ മാർഷൽ ഫണ്ടിന്റെ വെർച്വൽ ബ്രസൽസ്‌ ഫോറം 2020ൽ സംസാരിച്ച അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, യൂറോപ്യൻ രാജ്യങ്ങൾ വേണ്ടത്ര സഹകരിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചു. ചൈന അന്താരാഷ്‌ട്ര ഉറപ്പുകൾ എല്ലാം ലംഘിക്കുകയാണെന്ന്‌‌ എന്നാരോപിച്ച പോംപിയോ ഡബ്ല്യുഎച്ച്‌ഒ, ഡബ്ല്യുടിഒ, യുഎൻ എന്നിവയുടെയും ഹോങ്കോങ്‌ ജനതയുടെയും കാര്യമാണ്‌ ഇതിന്‌ ഉദാഹരണമായി പറഞ്ഞത്‌. യൂറോപ്യൻ രാജ്യങ്ങളുമായി സഹകരണവും ധാരണയും വർധിപ്പിക്കുന്നതിനുള്ള അമേരിക്കൻ നയരൂപീകരണ–-ധനസഹായ കേന്ദ്രമാണ്‌ ജർമൻ മാർഷൽ ഫണ്ട്‌. രണ്ടാം ലോകയുദ്ധത്തിൽ തകർന്ന യൂറോപ്യൻ രാജ്യങ്ങളെ സഹായിക്കാൻ നടപ്പാക്കിയ മാർഷൽ പ്ലാനിന്റെ 25–-ാം വാർഷികത്തോടനുബന്ധിച്ച്‌ ജർമനി നൽകിയ സംഭാവനയിലൂടെയാണ്‌ ഇതിന്‌ തുടക്കമിട്ടത്‌.

പാരീസ്‌ കാലാവസ്ഥാ ഉടമ്പടി, ഡബ്ല്യുഎച്ച്‌ഒ, ഇറാനുമായി വൻശക്തികൾ ഉണ്ടാക്കിയ ആണവകരാർ തുടങ്ങിയവയിൽനിന്ന്‌ ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ഈ അന്താരാഷ്ട്ര വേദികളിൽ ഇപ്പോഴുമുള്ള ചൈനയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. തന്ത്രപ്രധാനമായ ഇന്തോ–-പസഫിക്‌ മേഖലയിൽ ചൈന അതിവേഗം സൈനിക, സാമ്പത്തിക സ്വാധീനം വർധിപ്പിക്കുകയാണ്‌. ചൈനയുമായി സംഘർഷത്തിൽ അയവ്‌ വരുത്തണമെന്ന്‌ വ്യാപാര താൽപ്പര്യമുള്ള ചിലർ ആവശ്യപ്പെടുന്നുണ്ട്‌. താൻ ഇത്‌ അംഗീകരിക്കുന്നില്ല. ‘സ്വാതന്ത്ര്യ’വും ‘സ്വേച്ഛാധിപത്യ’വും തമ്മിൽ വിട്ടുവീഴ്‌ചയില്ല.

ചൈനയുടെ വെല്ലുവിളിയിൽനിന്ന്‌ തങ്ങളുടെ സ്വതന്ത്ര സമൂഹങ്ങളെയും ഭാവിയെയും സംരക്ഷിക്കാൻ പാശ്ചാത്യ രാഷ്‌ട്രങ്ങൾ കൂട്ടായി പ്രവർത്തിക്കണം. എന്നാൽ, ഇത്‌ എളുപ്പമല്ല. വ്യാപാര സമൂഹങ്ങളിൽ പ്രലോഭനമുണ്ട്‌. സമാധാനത്തിനുള്ള അവരുടെ വാദം താൻ അംഗീകരിക്കുന്നില്ല.വാവെയ്‌ പോലുള്ള തങ്ങളുടെ സ്ഥാപനങ്ങളുമായി ഇടപാടിന്‌ മറ്റ്‌ രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നതാണ്‌ സിസിപിയുടെ സാമ്പത്തിക പ്രവർത്തനരീതിയെന്ന്‌ അദ്ദേഹം ആരോപിച്ചു. ‘സ്വതന്ത്ര’ലോകത്തിനും ചൈനയുടെ ‘സ്വേച്ഛാധിപത്യ’ത്തിനുമിടയിൽനിന്ന്‌ ഏത്‌ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തില്ല. എന്നാൽ, പാശ്ചാത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ യൂറോപ്പിലെ സുഹൃത്തുക്കളെ ക്ഷണിക്കുന്നതായി പോംപിയോ പറഞ്ഞു. ചൈന സംബന്ധിച്ച ചർച്ചയ്‌ക്ക്‌ ‘യുഎസ്‌ഇയു ഡയലോഗ്‌ ഓൺ ചൈന’ രൂപീകരിക്കാനുള്ള നിർദേശത്തെ അമേരിക്ക അംഗീകരിക്കുന്നതായും സ്‌റ്റേറ്റ്‌ സെക്രട്ടറി പറഞ്ഞു.