ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ട്രംപിന്റെ മധ്യസ്ഥത തള്ളി കൊണ്ട് ചൈനയും

ഈ കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ട് തവണകളിലാണ് ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മധ്യസ്ഥത വാഗ്ദാനവുമായി ട്രംപ് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ആശയവിനിമയം ഇപ്പോള്‍ പുരോഗമിക്കുന്നുണ്ടെന്നും, ഇരു രാജ്യങ്ങള്‍ക്കും പ്രശ്‌നം പരിഹരിക്കാനുള്ള കെല്‍പ്പുണ്ടന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവൊ ലിജിയാന്‍ പറഞ്ഞു. അതുകൊണ്ട് മൂന്നാം കക്ഷിയുടെ ആവശ്യമോ, ഇടപെടലോ ഈ ഘട്ടത്തില്‍ പ്രസക്തമല്ല. അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ നിലപാട് മാറ്റമില്ലാത്തതും വ്യക്തതയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നേരത്തെ തള്ളിയിരുന്നു.