ഇന്ത്യയിലെ ടിക്ക് ടോക്ക് നിരോധനം: ബൈറ്റ്ഡാൻസിന് 45000 കോടി രൂപ നഷ്ടം

59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനം ഇന്ത്യയിലും ലോക രാജ്യങ്ങളിലും ചൈനീസ് മാധ്യമങ്ങളിലും വരെ വലിയ വാർത്തയായിരുന്നു. ചൈനയുടെ സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യൻ സർക്കാർ ആപ്പുകളുടെ നിരോധനം പ്രഖ്യാപിച്ചതോടെ ടിക് ടോക്കിന്റെയും ഹെലോ ആപ്ലിക്കേഷന്റെയും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന് 6 ബില്യൺ ഡോളർ (45000 കോടി രൂപ) വരെ നഷ്ടമാകുമെന്നാണ് വിവരം.

മൊബൈൽ ആപ്ലിക്കേഷൻ അനാലിസിസ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ടിക് ടോക്ക് 112 മില്യൺ തവണ ഡൌൺലോഡ് ചെയ്യപ്പെട്ടുവെന്നും ഇന്ത്യയിൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത ആളുകൾ വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ ഡൌൺലോഡ് ചെയ്തതിന്റെ ഇരട്ടിയാണ് ഇന്ത്യയിൽ ടിക് ടോക്ക് ഡൌൺലോഡ് ചെയ്തവരുടെ എണ്ണം.

ടിക് ടോക്ക്, ഷെയർഇറ്റ്, യുസി ബ്രൌസർ, ബൈഡു മാപ്പ്, ഹെലോ, എംഐ കമ്മ്യൂണിറ്റി, ക്ലബ് ഫാക്ടറി, വീചാറ്റ്, യുസി ന്യൂസ് എന്നിവയുൾപ്പെടെ ചൈന ബന്ധമുള്ള 59 ആപ്ലിക്കേഷനുകൾ ഇന്ത്യ തിങ്കളാഴ്ച നിരോധിച്ചു. ചൈനീസ് നിക്ഷേപകരുടെയും വ്യാപാരികളുടെയും ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് ഈ നീക്കമെന്ന് ഗ്ലോബൽ ടൈംസ് അറിയിച്ചു.

ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും സമഗ്രതയ്ക്കും ഭീഷണിയായ ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചിരിക്കുന്നതെന്ന് ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിരുന്നു.