ഇന്ത്യന്‍ അമേരിക്കക്കാര്‍ ബൈഡനെ പിന്തുണക്കുന്നതായി സര്‍വേ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാരില്‍ ഭൂരിപക്ഷവും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതാിയ സര്‍വേ. പാര്‍ട്ടി ഇതര പ്രവാസ സംഘടനയായ ഇന്ത്യാസ്പോറയും ഡാറ്റ ആന്റ് പൊളിസി റിസര്‍ച്ച് സംഘടനയായ എ എ പി ഐയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ അമേരിക്കക്കാരില്‍ 66 ശതമാനമാണ് ബൈഡനെ പിന്തുണക്കുന്നത്. പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണള്‍ഡ് ട്രംപിനെ 28 ശതമാനം പേര്‍ മാത്രമാണ് രണ്ടാമതും പ്രസിഡന്റാകാന്‍ അനുകൂലിക്കുന്നത്. ബാക്കിയുള്ള ആറ് ശതമാനം പേര്‍ ശരിയായ തീരുമാനം പറയാന്‍ തയ്യാറായില്ല. എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇന്ത്യന്‍ അമേരിക്കക്കാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നല്കുന്ന പിന്തുണയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് 77 ശതമാനം പേരാണ് പിന്തുണ നല്കിയത്. ട്രംപിന് 16 ശതമാനം മാത്രമായിരുന്നു അന്നത്തെ പിന്തുണ. എന്നാല്‍ 2012ല്‍ മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 80 ശതമാനം ഇന്ത്യന്‍ അമേരിക്കക്കാരുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യന്‍ അമേരിക്കക്കാരില്‍ 54 ശതമാനം പേര്‍ ഡെമോക്രാറ്റുകളാണെന്നും 16 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍മാരാണെന്നും 24 ശതമാനം സ്വതന്ത്രരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ അമേരിക്കക്കാരില്‍ 98 ശതമാനം പേരും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ 54 ശതമാനം പേര്‍ ഈ വര്‍ഷം പ്രൈമറിയില്‍ വോട്ടു ചെയ്തതായും പറഞ്ഞു. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ആവശ്യമായ പരിഗണന ഡെമോക്രാറ്റുകള്‍ നല്കുന്നുണ്ടെന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളാണെന്ന് ഇല്ലിനോയിസില്‍ നിന്നുള്ള സഭാംഗം രാജകൃഷ്ണമൂര്‍ത്തി ഒരു പാനല്‍ ചര്‍ച്ചയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇന്ത്യന്‍ വോട്ടര്‍മാരുടെ കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ ആശങ്കപ്പെടേണ്ടതുണ്ടോ എന്നതായിരുന്നു ചോദ്യം. എല്ലാ വോട്ടുകളും കണക്കാക്കപ്പെടുന്നതിനാല്‍ എല്ലാത്തിലും പ്രത്യേക ശ്രദ്ധയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം ചില വോട്ടര്‍മാരെ ട്രംപിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്മാരുണ്ട്. എന്നാല്‍ ഡെമോക്രാറ്റ് പക്ഷത്ത് കമലാ ഹാരിസിന്റെ ഇന്ത്യന്‍ വേരുകളിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. വോട്ടര്‍മാരുടെ കണക്കനുസരിച്ച് 2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 56 ശതമാനം ഇന്ത്യന്‍ അമേരിക്കക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 48 ശതമാനം പേരെയാണ് ബന്ധപ്പെട്ടത്. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യന്‍ അമേരിക്കക്കാരിലേക്ക് എത്തിച്ചേരേണ്ടത് നിര്‍ണായകമാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യാസ്പോറ സ്ഥാപകന്‍ എം രംഗസ്വാമി പറഞ്ഞു. അതിവേഗം വളരുന്ന വംശീയ സംഘം ഏഷ്യന്‍ അമേരിക്കക്കാരാണെന്നും അതിനകത്ത് വേഗത്തില്‍ വളരുന്നത് ഇന്ത്യന്‍ അമേരിക്കക്കാരാണെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറും എ എ പി ഐ ഡാറ്റ സ്ഥാപകനുയ കാര്‍ത്തിക് രാമകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കക്കാര്‍ 4.16 ദശലക്ഷമാണുള്ളതെന്നും ഇന്ത്യന്‍ വംശജരെ കൂടി പരിഗണിച്ചാല്‍ എണ്ണം നാലര ദശലക്ഷത്തിലെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ നയങ്ങളെക്കാള്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ ആഭ്യന്തര പ്രശ്നങ്ങളാണ് വോട്ടെടുപ്പില്‍ സ്വാധീനിക്കുന്നതെന്നാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. വിദ്യാഭ്യാസം (94 ശതമാനം), ജോലിയും സമ്പദ് വ്യവസ്ഥയും (92), ആരോഗ്യ പരിരക്ഷ (92), പരിസ്ഥിതി (88) എന്നിവയാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. വംശീയ വിവേചനവും നയപരിഷ്‌ക്കാരങ്ങളും (84), ദേശീയ സുരക്ഷ (84), കുടിയേറ്റം (80), ഏഷ്യയിലെ വിദേശനയം (66) എന്നിവയും പരിഗണനയിലുണ്ട്. ഇന്ത്യന്‍, ചൈനീസ്, കൊറിയന്‍, വിയറ്റ്നാമീസ്, ജാപ്പനീസ്, ഫിലിപ്പിനോ തുടങ്ങിയ ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ 54 ശതമാനം ബൈഡന് വോട്ടുചെയ്യുമെന്ന് പറയുമ്പോള്‍ 30 ശതമാനമാണ് ട്രംപിന് പിന്തുണ നല്കുന്നത്. ട്രംപിന് മുന്‍ഗണന നല്കുന്ന വിയറ്റ്നാമീസ് അമേരിക്കക്കാര്‍ ഒഴികെയുള്ള ഏഷ്യന്‍ വംശജരുടെ ദേശീയ ഗ്രൂപ്പുകളെല്ലാം ജോ ബൈഡനെയാണ് അനുകൂലിക്കുന്നത്. മറ്റ് ഏഷ്യന്‍ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബൈഡന് വോട്ടുചെയ്യാനുള്ള ഏറ്റവും ശക്തമായ ചായ്വ് പ്രകടിപ്പിക്കുന്നത് ഇന്ത്യന്‍ അമേരിക്കക്കാരാണ്. പതിവില്‍ നിന്ന് വിപരീതമായി ഈ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ഉത്സാഹത്തോടെയാണ് ഏഷ്യന്‍ അമേരിക്കക്കാര്‍ കാണുന്നതെന്നാണ് ഭൂരിപക്ഷവും പറയുന്നത്. അതുകൊണ്ടുതന്നെ ഏഷ്യന്‍ അമേരിക്കക്കാരുടെ റെക്കോര്‍ഡ് പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും രാമകൃഷ്ണന്‍ പറയുന്നു.