ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണിയെ അഭിമുഖീകരിക്കാന്‍ യുഎസ് സൈന്യത്തെ നിയോഗിക്കാന്‍ യുഎസ്

വാഷിങ്ടൺ: ഇന്ത്യക്കും തെക്കുകിഴക്കൻ ഏഷ്യക്കും നേരെയുള്ള ചൈനീസ് ഭീഷണി കണക്കിലെടുത്ത് യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കാനൊരുങ്ങി യുഎസ്. യൂറോപ്പിൽ നിന്ന് പിൻവലിക്കുന്ന സൈന്യത്തെ മറ്റുഭാഗങ്ങളിൽ വിന്യസിക്കാനാണ് തീരുമാനം. വ്യാഴാഴ്ച നടന്ന ബ്രസൽസ് ഫോറം വെർച്വൽ കോൺഫറൻസിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്.

എന്തുകൊണ്ടാണ് ജർമനിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം യുഎസ് കുറച്ചതെന്ന ചോദ്യത്തോട് പ്രതകരിക്കവേയാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്ക് ഭീഷണിയുള്ളതായാണ് മനസ്സിലാകുന്നത്. നമ്മുടെ കാലഘട്ടത്തിലെ ഈ വെല്ലുവിളികളെ നേരിടാൻ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പോംപിയോ പറഞ്ഞു.

അതിർത്തിയില്‍ ഇന്ത്യയുമായുള്ള സംഘർഷത്തിന്റെയും തന്ത്രപ്രധാനമായ ദക്ഷിണ ചൈന കടലിലെ സൈനിക സാന്നിധ്യത്തിന്റെയും പേരില്‍ ചൈനീസ് സൈന്യത്തെ പോംപിയോ വിമർശിച്ചിരുന്നു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ ‘വഞ്ചകനായ കളിക്കാരൻ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

നാറ്റോ പോലുള്ള സ്ഥാപനങ്ങളിലൂടെ കൈവരിച്ച എല്ലാ പുരോഗതിയും ഇല്ലാതാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ശ്രമിക്കുന്നതെന്നും പോംപിയോ കുറ്റപ്പെടുത്തിയിരുന്നു.