ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന് ഹര്‍ജി

കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനത്തെ തുടര്‍ന്ന് അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി. അമേരിക്കയില്‍ കുടുങ്ങിയവരെ യാത്രാ നിരോധനം സാരമായി ബാധിച്ചിരിക്കുകയാണെന്നും ഇന്ത്യാ സര്‍ക്കാറിന് ശക്തമായ നിര്‍ദ്ദേശം നല്കണമെന്നുമാണ് സുപ്രിം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അമേരിക്കയില്‍ കോവിഡ് വ്യാപകമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും വിഭ മക്കിജയെന്ന അഭിഭാഷകയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്കിയത്. വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ സര്‍ക്കാര്‍ മാത്രം അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇത് പൗരന്മാരോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.