ഇംപീച്ച്‌മെന്റ്; ഡമോക്രാറ്റുകള്‍ വിയര്‍ക്കുന്നു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള സെനറ്റിലെ ഇംപീച്ച്മെന്റ് നടപടികള്‍ രണ്ട് ദിവസങ്ങളിലായി 24 മണിക്കൂര്‍ പിന്നിട്ടു. ട്രംപിനെതിരെയുള്ള ആരോപണങ്ങളില്‍ ഡമോക്രാറ്റുകളുടെ വാദം കൂടുതല്‍ ദുര്‍ബലപ്പെടുകയും റിപ്പബ്ലിക്കന്‍സിന് മേല്‍ക്കൈ ഉണ്ടാവുകയും ചെയ്യുന്ന കാഴ്ചയാണ് സെനറ്റില്‍ പ്രകടമാകുന്നത്. സെനറ്റിലെ 75 ശതമാനം പേരും ട്രംപിനനുകൂലമായ നിലപാട് എടുക്കുമെന്ന് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായി എന്ന വാദമാണ് കഴിഞ്ഞ ദിവസം ഡമോക്രാറ്റുകള്‍ സെനറ്റില്‍ പ്രധാനമായും ഉന്നയിച്ചത്. ഇനിയുള്ള തിരഞ്ഞെടുപ്പില്‍ മറ്റു ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും ട്രംപിനെ മാറ്റേണ്ടത് അനിവാര്യമാണെന്നും ഡെമോക്രാറ്റുകള്‍ വാദിക്കുന്നു. അതേസമയം ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള ഡെമോക്രാറ്റ് പ്രമേയം സെനറ്റ് തള്ളിയതോടെ ട്രംപ് പക്ഷത്തിന് തുടക്കത്തിലെ മുന്‍തൂക്കം ലഭിച്ചിരുന്നു. 47ന് എതിരെ 53 വോട്ടിനാണ് ട്രംപ് സെനറ്റില്‍ മേല്‍ക്കൈ നേടിയത്. ട്രംപിനെതിരായ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യമാണ് സെനറ്റ് തള്ളിയത്. സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക് കോണെല്‍ ഇംപീച്ച്മെന്റ് പ്രമേയം സംവാദത്തിനിട്ടതടെയാണ് ചൊവ്വാഴ്ച വിചാരണനടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്. റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടല്‍. നൂറംഗ സെനറ്റില്‍ 67പേരുടെ പിന്തുണയാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാകാന്‍ വേണ്ടത്. യു.എസ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബെര്‍ട്ട്സിന്റെ അധ്യക്ഷതയിലാണ് വിചാരണ. യു.എസിന്റെ ചരിത്രത്തില്‍ സെനറ്റില്‍ ഇംപീച്ച്മെന്റ് നടപടിനേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ജോ ബൈഡന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കാനും അദ്ദേഹത്തിനെതിരെ കേസെടുക്കുവാനും യുക്രൈന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് നേരിടുന്നത്.