അവിസ്മരണീയം; ഇന്ത്യയില്‍ നല്‍കിയ ഊഷ്മള വരവേല്‍പ്പിന് നന്ദി പറഞ്ഞ് മെലാനിയ ട്രംപ്

വാഷിംങ്ടണ്‍; ഇന്ത്യ നല്‍കിയ ആതിഥ്യത്തിന് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. ഡല്‍ഹി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ച അനുഭവം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു മെലാനിയയുടെ പ്രതികരണം. ഡല്‍ഹിയിലെ സ്‌കൂള്‍ സന്ദര്‍ശിച്ച അനുഭവം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് യു.എസ്. പ്രഥമവനിത മെലാനിയ ട്രംപ്. ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടി മോട്ടിബാഗിലെ സര്‍വോദയ കോ-എജുക്കേഷന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ വീഡിയോ സഹിതമായിരുന്നു മെലാനിയ ട്രംപിന്റെ ട്വീറ്റ്. ഡല്‍ഹി സര്‍വോദയ സ്‌കൂളിലെ ഹാപ്പിനസ് ക്ലാസില്‍ പങ്കെടുത്തത് അവിസ്മരണീയമെന്നു മെലാനിയ കുറിച്ചു. ‘തിലകവും ആരതിയുമായി നല്‍കിയ സ്‌നേഹപൂര്‍ണമായ വരവേല്‍പിന് സര്‍വോദയ സ്‌കൂളിനോട് ഞാന്‍ നന്ദിപറയുകയാണ്. അവിടത്തെ അസാധാരണ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം സമയം ചെലവഴിക്കാനായത് ബഹുമതിയാണ്’ -മെലാനിയ കുറിച്ചു. ബി ബെസ്റ്റ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ട്വീറ്റ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ദ്വിദിന സന്ദര്‍ശനത്തിനായാണ് മെലാനിയ ഇന്ത്യയിലെത്തിയത്. മകള്‍ ഇവാങ്കാ ട്രംപും മരുമകന്‍ ജെറാദ് കുഷ്നറും ട്രംപിനൊപ്പം ഉണ്ടായിരുന്നു. ഫെബ്രുവരി 24 മുതല്‍ 25 വരെയായിരുന്നു ട്രംപിന്റെയും കുടുംബത്തിന്റെയും ഇന്ത്യ സന്ദര്‍ശനം.