അലംഭാവത്തിനുള്ള സമയമല്ല; സാമൂഹ്യ നിയന്ത്രണം പാലിക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ആളകലം ഉള്‍പ്പെടെ സാമുഹ്യ നിയന്ത്രണം കര്‍ശനമായി പാലിക്കുകയാണെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ കൊറോണ വൈറസ് വ്യാപനത്തെ ക്രമപ്പെടുത്താന്‍ ന്യൂയോര്‍ക്കിനു സാധിക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ. നമ്മള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് താന്‍ ചിന്തിക്കുന്നില്ല. ഇന്നലെകളിലേക്ക് നാം തിരികെയെത്തുമെന്നും വിശ്വസിക്കുന്നില്ല. എന്നാല്‍, സമാധാനപരമായൊരു അന്തരീക്ഷത്തിലേക്ക് നാം മടങ്ങിയെത്തുമെന്നാണ് താന്‍ കരുതുന്നതെന്നും വാര്‍ത്ത സമ്മേളത്തില്‍ ക്യൂമോ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യ പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് പ്രതീക്ഷയുണര്‍ത്തുന്ന വാക്കുകള്‍ ക്യൂമോ പങ്കുവെച്ചത്. അലംഭാവത്തിനുള്ള സമയമല്ലിത്. സാമൂഹ്യ നിയന്ത്രണം കര്‍ശനമായി പാലിക്കണം. അനാവശ്യ ബിസിനസുകള്‍ അടയ്ക്കുകയും ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്ന സാഹചര്യം ഉറപ്പാക്കുകയും ചെയ്തതുള്‍പ്പെടെ കര്‍ശന നടപടികള്‍ വൈറസ് വ്യാപനം മന്ദഗതിയിലാകാന്‍ സഹായകമായിട്ടുണ്ട്. ആളകലം പോലുള്ള സാമുഹ്യ നിയന്ത്രണം ഫലം കണ്ടിരിക്കുന്നു. ഈ നിയന്ത്രണം പാലിക്കുന്നത് തുടരുകയാണെങ്കില്‍, ആരോഗ്യ മേഖല അടുത്ത രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിരത കൈവരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നതായി പുതിയ കണക്കുകളില്‍വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ പാലിക്കുന്ന നിയന്ത്രണം തുടരുകയാണെങ്കില്‍ മാത്രമേ, ഈ സ്ഥിതിയില്‍ തുടര്‍ന്നുപോകാനാകൂ. ഇപ്പോള്‍ നാം ചെയ്യുന്നതൊക്കെ അവസാനിപ്പിച്ചാല്‍ കണക്കുകളില്‍ വീണ്ടും വര്‍ധനയുണ്ടാകും. ന്യൂയോര്‍ക്കിനെ സംബന്ധിച്ചിടത്തോളം മോശം വാര്‍ത്തയാണുള്ളത്. മോശമെന്നല്ല യഥാര്‍ത്ഥത്തില്‍ ഭീകരമായ വാര്‍ത്തയാണത്. 24 മണിക്കൂറിനിടെ 779 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ദൈനംദിന മരണസംഖ്യയാണ്. സാഹചര്യം മാറുമെന്നും ക്യൂമോ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ ഇതുവരെ 1,49,316 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 779 മരണവും 6932 രോഗബാധയും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 6268 പേരാണ് മരിച്ചത്. 1,28,468 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.