അയോവ കോക്കസ്; അജയ്യനായി ട്രംപ്

അയോവ കോക്കസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ പിന്തുണ. 97.2 ശതമാനം പേര് ട്രംപിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ ബില്‍ വെല്‍ഡിന് വെറും 1.3 ശതമാനം വോട്ടുമാത്രമാണ് സ്വന്തമാക്കാനായത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസില്‍ അജയ്യനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മികച്ച പിന്തുണയാണ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രംപ് സ്വന്തമാക്കിയത്. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസില്‍ ജോ ബൈഡനെയും ബേണി സാന്‍ഡേഴ്‌സിനെയും അട്ടിമറിച്ച് മുന്‍ മേയര്‍ പീറ്റ് ബൂട്ടെജെജ് അപ്രതീക്ഷിതമുന്നേറ്റം കാഴ്ചവെച്ചു. മുതിര്‍ന്ന സെനറ്റംഗമായ ബേണി സാന്‍ഡേഴ്‌സിന് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ ട്രംപിനെതിരേ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് കോക്കസ് അഥവാ പ്രൈമറി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള വ്യക്തിയെ കണ്ടെത്താനുള്ള ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പാണിത്. യു.എസിലെ 50 സംസ്ഥാനങ്ങളിലും കോക്കസുകള്‍ നടക്കും. അയോവയിലാണ് ആദ്യ കോക്കസ്. കോക്കസില്‍ 15 ശതമാനം വോട്ടുനേടാത്തവര്‍ക്ക് അടുത്തഘട്ടത്തിലേക്ക് കടക്കാനാവില്ല. തിങ്കളാഴ്ചയാണ് അയോവ കോക്കസോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം യു.എസിലാരംഭിച്ചത്. ഇനി മറ്റ് 49 സംസ്ഥാനങ്ങളിലും കോക്കസുകള്‍ നടക്കും.