ലന്‍ഡിയും ഹെര്‍മനും തമ്മില്‍… ഹൃദ്യം ഈ അപൂര്‍വ സൗഹൃദം

അത്യപൂര്‍വമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ഹെര്‍മനും ലന്‍ഡിക്കും പറയാനുള്ളത്. ഹെര്‍മന്‍ ഒരു പ്രാവും ലന്‍ഡി ഒരു നായയുമാണ്. ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന ദ മിയ ഫൗണ്ടേഷന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഇരുവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ജന്മനാ വൈകല്യങ്ങളുള്ള ജീവികളെ സംരക്ഷിക്കുന്ന സംഘടനയാണ് ദ മിയ ഫൗണ്ടേഷന്‍. പുതിയൊരു സൗഹൃദം പൂത്തുലയുന്നു എന്ന അടിക്കുറിപ്പോടെ ദ മിയ ഫൗണ്ടേഷന്‍ തന്നെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തന്റെ ചിറകുകള്‍ക്കടിയില്‍ നായക്കുട്ടിയെ ഒളിപ്പിച്ചുവച്ചിരിക്കുകയാണ് പ്രാവ്. ഏറ്റെടുക്കാന്‍ തയ്യാറായി ആരെങ്കിലും എത്തിയാല്‍ സംരക്ഷണം നല്‍കുന്ന പക്ഷികളേയും മൃഗങ്ങളേയും ദ മിയ ഫൗണ്ടേഷന്‍ കൈമാറും. ഹെര്‍മന്റെ കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ലന്‍ഡിയുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി രണ്ട് മൂന്ന് പേര്‍ സമീപിച്ചിട്ടുണ്ടെന്ന് സംഘടനയുടെ മേധാവി റോജര്‍ പറഞ്ഞു. ലന്‍ഡിയെ അങ്ങനെ കൈമാറിയാല്‍ ഹെര്‍മനും ലന്‍ഡിയ്ക്കും പിരിയേണ്ടി വരും.