അമേരിക്ക തിരിച്ചയച്ച വിദേശ പൗരന്മാര്‍ക്ക് കോവിഡ്

കോവിഡ് വ്യാപനത്തിനിടെ അമേരിക്ക തിരിച്ചയച്ച വിദേശ പൗരന്മാര്‍ക്ക് കോവിഡ്. ഹെയ്തി, ഗ്വാട്ടിമാല, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ തിരിച്ചെത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൃത്യമായ പരിശോധനകളില്ലാതെയും രോഗമുക്തി ഉറപ്പാക്കാതെയും വിദേശ പൗരന്മാരെ കയറ്റിയയക്കുന്ന അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അമേരിക്കയില്‍ നിന്നെത്തിയ 51 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി ഗ്വാട്ടിമാല സര്‍ക്കാര്‍ പറഞ്ഞു. വിദേശ പൗരന്മാരെ തിരിച്ചയക്കുന്നതിനു മുമ്പ് അവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ഗ്വാട്ടിമാല അമേരിക്കയോട് ആവശ്യപ്പെട്ടു. കോവിഡ് മുക്തരാണെന്ന് സ്ഥിരീകരിച്ചശേഷമേ വിദേശ പൗരന്മാരെ തിരിച്ചയക്കാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അവരിലൂടെ രോഗം പടര്‍ന്നതായും മെക്സിക്കോ, ഹെയ്തി സര്‍ക്കാരുകളും അറിയിച്ചു. മെക്സിക്കന്‍ നഗരമായ ന്യുവോ ലാറെഡോയില്‍ ഹൂസ്റ്റണില്‍ നിന്നെത്തിയ ഒരാള്‍ മറ്റു 14 പേര്‍ക്ക് കൂടി രോഗം പകര്‍ന്നിരുന്നു. ക്യൂബ, മെക്സിക്കോ, ഹോണ്ടുറാസ്, കാമറൂണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം പകര്‍ന്നത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ രോഗം ബാധിച്ച എല്ലാവരെയും കേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു. രണ്ടാഴ്ച മുമ്പ് തിരിച്ചെത്തിയ മൂന്ന് ഹെയ്തി പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ക്വാറന്റൈന്‍ ചെയ്യുകയായിരുന്നുവെന്ന് ഹെയ്തി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ അറുപതില്‍ താഴെ ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. നാടുകടത്തിയവര്‍ക്ക് രോഗം ബാധിച്ചതായി യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോസ്‌മെന്റും സ്ഥിരീകരിച്ചു. തുടര്‍ന്ന് ഗ്വാട്ടിമാലയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു. അതേസമയം, വൈറസ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്ക് അമേരിക്ക രോഗസാധ്യതയെ വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആളുകളെ കയറ്റി അയക്കുന്ന അമേരിക്കന്‍ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.