അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍ സൈന്യം; യുദ്ധക്കപ്പലിലെ രഹസ്യം ഒപ്പി, ചിത്രം പുറത്തുവിട്ട് വെല്ലുവിളി

ടെഹ്‌റാന്‍: ലോക പോലീസ് ചമയുന്ന അമേരിക്കക്ക് പല കോണില്‍ നിന്നും ഇപ്പോള്‍ വെല്ലുവിളി ഉയരുന്നു. ബദ്ധവൈരികളായ ഇറാനാണ് പുതിയ പണി കൊടുത്തിരിക്കുന്നത്. അമേരിക്കയുടെ രഹസ്യങ്ങള്‍ സ്വകാര്യമായി പകര്‍ത്തിയിരിക്കുകയാണ് ഇറാന്‍ സൈന്യം. അത്യാധുനിക സജീകരണങ്ങളുള്ള അമേരിക്കന്‍ സൈന്യം ഇറാന്റെ ഈ നീക്കം അറിഞ്ഞില്ല.

ഇറാന്‍ സൈനികര്‍ തങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്ന് അസോേേഷ്യറ്റഡ് പ്രസ് വാര്‍ത്തയില്‍ പറയുന്നു. ഇറാനെതിരെ ഉപരോധം വീണ്ടും നടപ്പാക്കണമെന്ന് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ….

ഇറാനോട് ചേര്‍ന്ന മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് അമേരിക്കന്‍ സൈന്യം ഇവിടെ റോന്തു ചുറ്റുന്നത്. ലോകത്തെ ഏറ്റവും പ്രധാന ചരക്കുപാതയാണിത്. എന്നാല്‍ അമേരിക്കന്‍ കപ്പലില്‍ മുകളില്‍ പറന്ന് ഇറാന്റെ ചാര വിമാനം.

കഴിഞ്ഞാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് നിമിറ്റ്‌സ് കടന്നുപോയത്. ഈ വേളയിലാണ് ഇറാന്റെ ഡ്രോണുകള്‍ കപ്പലിന് മുകളില്‍ രഹസ്യമായി പറന്ന് ചിത്രങ്ങള്‍ എടുത്തത്. ഈ ചിത്രങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് സൈന്യം കൈമാറുകയായിരുന്നു. അമേരിക്കയുമായി തങ്ങള്‍ സാമ്പത്തിക യുദ്ധത്തിലാണ് എന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇറാന്‍ സൈനികരുമായി അടുത്ത് നില്‍ക്കുന്ന തസ്‌നിം വാര്‍ത്താ ഏജന്‍സിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. യുദ്ധക്കപ്പലുകളില്‍ ഒരുക്കി നില്‍ത്തിയ യുദ്ധ വിമാനങ്ങളെല്ലാം ചിത്രത്തില്‍ പതിഞ്ഞിട്ടുണ്ട്. ഇറാന്‍ സ്വന്തമായി നിര്‍മിച്ച ഡ്രോണ്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഉപരോധം കാരണം ഇറാന്‍ പുറത്തുനിന്ന് ആയുധങ്ങള്‍ വാങ്ങാറില്ല.

ഹോര്‍മുസ് കടലിടുക്കിലൂടെ ഒട്ടേറെ യുദ്ധ കപ്പലുകള്‍ കഴിഞ്ഞാഴ്ച കടന്നുപോയിരുന്നു. ഈ മേഖല തങ്ങളുടെ പൂര്‍ണ നിരീക്ഷണത്തിലാണ് എന്ന് ഇറാന്‍ എപ്പോഴും അവകാശപ്പെടാറുണ്ട്. ഇതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബഹ്‌റൈനില്‍ അമേരിക്കന്‍ നാവിക സേനയുടെ ആസ്ഥാനമുണ്ട്. പുതിയ വിഷയത്തില്‍ അവര്‍ പ്രതികരിച്ചിട്ടില്ല.

ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ആയുധങ്ങള്‍ സംബന്ധിച്ച് പുറം ലോകത്തിന് അത്ര വ്യക്തതയില്ല. കഴിഞ്ഞ ദിവസം നടന്ന ഇറാന്‍ സൈനിക ചടങ്ങില്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞത്, ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ നാവിക വിഭാഗത്തിന് ഡ്രോണ്‍, ഹെലികോപ്റ്റര്‍, യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ ആവശ്യത്തിനുണ്ട് എന്നാണ്.