അമേരിക്കയുടെ കോവിഡ് പ്രതിരോധ മരുന്ന് പരാജയമെന്ന് റിപ്പോര്‍ട്ട്

കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട യു.എസ് പ്രതിരോധ മരുന്ന് റെംഡെസിവിര്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ലെന്ന് ചൈനയില്‍ നടത്തിയ ആദ്യഘട്ടം ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയില്‍ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കല്‍ ട്രയല്‍സ് ഡാറ്റാബേസിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് പിന്നീട് നീക്കിയിട്ടുണ്ട്. ആദ്യ ഘട്ടം മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി ചൈനയില്‍ 237 രോഗികളെയാണ് തെരഞ്ഞെടുത്തത്. ഇവരില്‍ 158 പേര്‍ക്ക് റെംഡെസിവിര്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് സാധാരണ മരുന്നുകളും നല്‍കി. എന്നാല്‍ റെംഡെസിവിര്‍ കഴിച്ചവരില്‍ യാതൊരു മാറ്റവും കണ്ടില്ല. മരുന്ന് ഉപയോഗിച്ചവരില്‍ 13.9 ശതമാനം രോഗികള്‍ ഒരുമാസത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. എന്നാല്‍ സാധാരണ മരുന്ന് കഴിച്ചവരില്‍ 12.8 ശതമാനമായിരുന്നു മരണ നിരക്ക്. മരുന്ന് ഉപയോഗിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഉപയോഗം നിര്‍ത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ കമ്പനിയായ ഗിലെയ്ഡ് സയന്‍സസ് ആണ് മരുന്ന് നിര്‍മാതാക്കള്‍. അതേസമയം, മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട വിവരം തെറ്റായി വെബ്സൈറ്റില്‍ വന്നതാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. വിശദമായ റിപ്പോര്‍ട്ട് വൈകാതെ പുറത്തുവിടുമെന്നും സംഘടന വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗിലെയ്ഡും നിഷേധിച്ചു. മരുന്ന് രോഗികളില്‍ ഗുണം ചെയ്യുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.