അമേരിക്കയില്‍ നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനം ഉപ നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലും സജീവമാകുന്നു

ലോകത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ വ്യാപിച്ച ഇടമാണ് അമേരിക്ക. സമാനതകളില്ലാത്ത നഷ്ടം അമേരിക്കന്‍ സമൂഹത്തിനും അവിടുത്തെ സമ്പദ് വ്യവസ്ഥക്കും ഈ വൈറസ് മൂലമുണ്ടായി. അമേരിക്കയിലെ പ്രധാന പട്ടണങ്ങളിലാണ് കോവിഡ്-19 നേരത്തെ കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ചെറിയ പട്ടണങ്ങളെയും, ഉപനഗരങ്ങളെയും ഗ്രാമ പ്രദേശങ്ങളെയും ഇത് ഒരു പോലെ ബാധിച്ചിരിക്കുകയാണ്. ജൂണ്‍ ആദ്യ വാരം വരെ നിയന്ത്രണത്തിലായിരുന്ന കാന്‍സാസില്‍ 96 എന്ന ആദ്യ ആഴ്ചയിലെ ശരാശരിയില്‍ നിന്ന് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത് 211 ആണ്. ഐഡഹോയിയിലും ഒക്‌ലഹോമയിലും 81 എന്ന ശരാശരി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ 376 ലേക്ക് ഉയര്‍ന്നു. കാലിഫോര്‍ണിയ, അര്‍ക്കന്‍സസ്, മിസൗറി, ഫ്‌ളോറിഡ, ടെക്‌സസ് സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം രേഖപ്പടുത്തി തുടങ്ങി. മിസൗറിയിലെ മക്‌ഡൊണാള്‍ഡ് കൗണ്ടിയിലെ ടൈസണ്‍ ചിക്കന്‍ പ്രോസസിംഗ് പ്ലാന്റിലെ ജീവനക്കാരില്‍ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മേഖല കുടുതല്‍ ജാഗ്രതയിലാണ്. വ്യാപനത്തെ തുടര്‍ന്ന് ചെറിയ നഗരങ്ങളില്‍ ലോക്ഡൗണിന് നല്‍കിയ ഇളവുകളില്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്