അമേരിക്കയില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ് തല്ലിത്തകര്‍ത്തു; ‘വൈറ്റ് പവര്‍, ട്രംപ് 2020 , ഗോ ഹോം’; ചുവരുകളില്‍ വിദ്വേഷ സന്ദേശം

സാന്റ് ഫെ സിറ്റി: അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് നേരെ ആക്രമണം. വിദ്വേഷ സന്ദേശങ്ങള്‍ എഴുതിവെച്ച ശേഷമാണ് റെസ്‌റ്റോറന്റ് തല്ലിത്തകര്‍ത്തത്. സിഖിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മെക്‌സിക്കോയിലെ സാന്റ് ഫെ സിറ്റിയിലെ റെസ്റ്റോറന്റില്‍ അതിക്രമിച്ച് കടന്ന് വിദ്വേഷ സന്ദേശങ്ങള്‍ ചുമരുകളില്‍ എഴുതിവെച്ച ശേഷമാണ് അക്രമം നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചില വാക്യങ്ങളില്‍ അക്രമ ഭീഷണികളും അവഹേളിക്കുന്ന വംശീയ അധിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം ആരംഭിച്ചതോടെ പ്രദേശത്ത് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പൊലീസ് കഴുത്ത് ഞെരിച്ച് കൊന്നതിന് പിന്നാലെ വംശീയ വിദ്വേഷത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അമേരിക്കന്‍ ഭരണകൂടം ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്.