അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

ദേശീയ കാരിയറായ എയര്‍ ഇന്ത്യ, ജൂലൈ 22 മുതല്‍ അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ബുക്കിംഗ് ആരംഭിച്ചു. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിനായി ദേശീയ കാരിയര്‍ 180 വിമാനങ്ങളും പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ബുക്കിംഗ് ഓഫീസുകള്‍ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുകള്‍ എന്നിവ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

‘വന്ദേ ഭാരത് മിഷന് കീഴില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 180 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ വെബ്‌സൈറ്റ്, ബുക്കിംഗ് ഓഫീസുകള്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം,’ എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. 2020 ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെയുള്ള കാലയളവില്‍ 180 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അമേരിക്കയിലെ അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നിയന്ത്രിക്കുമെന്ന് യുഎസ് ഗതാഗത വകുപ്പ് കഴിഞ്ഞ മാസം പറഞ്ഞിരുന്നുവെന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന്, വന്ദേ ഭാരത് മിഷനു കീഴില്‍ എയര്‍ ഇന്ത്യ നടത്തുന്ന ദൗത്യ പാതയിലൂടെ യാത്രക്കാരുടെ ഗതാഗതത്തില്ഡ പങ്കെടുക്കാന്‍ തങ്ങളുടെ വിമാനക്കമ്പനികളെ അനുവദിക്കണമെന്ന് യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

വന്ദേ ഭാരത് മിഷന് കീഴില്‍ എയര്‍ ഇന്ത്യയ്ക്കും മറ്റ് നിരവധി ആഭ്യന്തര സ്വകാര്യ കാരിയര്‍മാര്‍ക്കും വിമാന സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച ടിക്കറ്റ് നിരക്കുകളാണ് ദൗത്യത്തിലുള്ളത്, ഇതിന്‍രെ നാലാം ഘട്ടം ജൂലൈ മൂന്നിന് ആരംഭിച്ചു. കൊവിഡ് 19 മഹാമാരിക്കിടെ പൈലറ്റുമാരുടെ 60 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഇത് 55 കോക്പിറ്റ് ക്രൂ അംഗങ്ങളെ ബാധിക്കുകയുണ്ടായി.

കൊവിഡ് 19 കാരണം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കെ, വന്ദേ ഭാരത് മിഷന് കീഴില്‍ ലോകമെമ്പാടുമുള്ള പൗരന്മാരെ എയര്‍ ഇന്ത്യ സ്വദേശത്തേക്ക് കൊണ്ടുവരുന്നു. മെയ് 25 ന് ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര പാസഞ്ചര്‍ ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതുമുതല്‍, ആഭ്യന്തര സര്‍വീസുകളും ഇപ്പോള്‍ നടത്തുന്നുണ്ട്.