അമേരിക്കയിലും കാനഡയിലും ജോണ്‍സണ്‍ & ജോണ്‍സണ്‍ പൗഡര്‍ വില്‍പ്പന നിര്‍ത്തി.

നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതിനാലാണ് വില്‍പന നിര്‍ത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പൗഡറില്‍ അര്‍ബുദത്തിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തി. അര്‍ബുദത്തിന് കാരണമാകുന്ന ആസ്ബസ്റ്റോസ് പൗഡറില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോടതികളിലായി 16,000 കേസുകളാണുള്ളത്. 1980 മുതലാണ് ഇത്തരത്തില്‍ കമ്പനിക്കെതിരായ പരാതി ശക്തമാകുന്നത്. തുടര്‍ന്ന് കേസിനും നഷ്ടപരിഹാരത്തിനുമായി കോടികള്‍ കമ്പനിക്ക് ചെലവിടേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 33,000 കുപ്പി ബേബി പൗഡര്‍ വിപണിയില്‍നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒരു ഉല്‍പന്നം വിപണിയില്‍നിന്ന് തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്.അതേസമയം, ഉല്‍പന്നത്തിന്റെ ഗുണനിലാവരത്തില്‍ ആത്മവിശ്വാസമുണ്ടെന്നും കോടതിയില്‍ അവ തെളിയിക്കുമെന്നുമാണ് ജോണ്‍സണ്‍ & ജോണ്‍സണിന്റെ അവകാശവാദം. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് സമൂഹത്തില്‍ പരക്കുന്നതെന്നും കമ്പനി പറഞ്ഞു.