അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ത്ഥി സംവാദ പരിപാടി ചൊവ്വാഴ്ച്ച നടക്കും

ചൊവ്വാഴ്ച്ച രാത്രി അമേരിക്കന്‍ സമയം, 29ന് ക്ലീവ്‌ലാന്റ് കേസ് വെസ്‌റ്റേണ്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ തീ പാറുന്ന വാദ പ്രതിവാദ സംവാദങ്ങളാകും അരങ്ങേറുക. ഫോക്‌സ് ന്യൂസിന്റെ എഡിറ്റര്‍ ക്രിസ് വാലസ് മോഡറേറ്റ് ചെയ്യുന്ന സംവാദ പരിപാടിയുടെ വിഷയങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

കൊറോണ വൈറസ്, സുപ്രീം കോടതി ജസ്റ്റിസ് നിയമനം, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ, വംശീയതയും കലാപങ്ങളുമൊക്കെ സംവാദത്തില്‍ വിഷയങ്ങഷായി മാറും. അമേരിക്കന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത് വരെ കാണാത്ത രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇതിനകം ഇരു സ്ഥാനാര്‍ത്ഥികളും പരസ്പരം നടത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ചൊവ്വാഴ്ച്ച ഇരുവരും അഭിമുഖമായി എത്തുമ്പോള്‍ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്ക.

ഒക്ടോബര്‍ 15 നാണ് രണ്ടാമത്തെ സംവാദം നടക്കുക. മിയാമിയിലെ അഡ്രിന്‍ ആര്‍ഷ് ആയിരിക്കും വേദി. ഒക്ടോബര്‍ 22 ന് നാഷ്വിലെ ബെല്‍ മൗണ്ട് യൂണിവേഴ്‌സിറ്റിയില്‍ മൂന്നാമത്തെ സംവാദം നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും സംവാദ വിഷയങ്ങള്‍ ഒരാഴ്ച്ച മുന്ന തന്നെ പ്രഖ്യാപിക്കും. പ്രധാനപ്പെട്ട ചാനലുകള്‍ എല്ലാം തന്നെ ഒന്നര മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സംവാദ പരിപാടി സംപ്രേക്ഷണം ചെയ്യും.