അമേരിക്കന്‍ തെരഞ്ഞെടുപ്പ്: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ജാഗ്രതൈ!

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാജവവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫേസ്ബുക്കും യൂട്യൂബും. വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമെതിരെ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാര്‍ത്തകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വ്യാജ വാര്‍ത്തകളുടെയും വീഡിയോകളുടെ പേരില്‍ ഏറ്റവുമധികം പേരുദോഷം നേരിടേണ്ടി വന്നത് യൂട്യൂബിനും ഫേസ്ബുക്കിനുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തവണ കര്‍ശന നിലപാടുകളുമായി യൂട്യൂബും ഫേസ്ബുക്കും രംഗത്തെത്തിയിരിക്കുന്നത്. കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും ഡീപ് ഫേക്ക് വീഡിയോകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് വ്യക്തമാക്കി. 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പും യൂട്യൂബ് ഇത്തരം നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നെങ്കിലും പലതും പാലിക്കപ്പെട്ടില്ല. വ്യാജ വീഡിയോകളും വാര്‍ത്തകള്‍കളും ഉടന്‍ നീക്കുമെന്ന് ഫേസ്ബുക്കും മുന്നറിയിപ്പ് നല്‍കിയിട്ടിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിക്കെതിരെയുള്ള ഡീപ് ഫേക്ക് വീഡിയോ ജനുവരിയില്‍ ഫേസ്ബുക്ക് നീക്കിയിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കി. 2020 നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.