അമേരിക്കക്ക് ചൈനയെ വേണ്ട; ഇന്ത്യയെ മതിയെന്ന് സര്‍വ്വേ

ചൈനയേക്കാള്‍ ഇന്ത്യയുമായുള്ള യു.എസ് ബന്ധത്തെ പിന്തുണച്ച് അമേരിക്കന്‍ പൗരന്മാര്‍. ഇന്ത്യ-ചൈന സൈനിക, സാമ്പത്തിക സംഘര്‍ഷങ്ങളില്‍ ഇന്ത്യയെ സാധ്യമായ രീതിയില്‍ പിന്തുണയ്ക്കണമെന്നും യു.എസ് ജനത ആവശ്യപ്പെടുന്നു. ആസ്‌ട്രേലിയ ആസ്ഥാനമായുള്ള ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വെബ് സര്‍വേയിലാണ് അമേരിക്കക്കാരുടെ നയതന്ത്ര താല്‍പര്യം വെളിവായത്. ദി ഇന്റര്‍പ്രട്ടറിലാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്.

ജൂലൈ ഏഴിനാണ് വെബ് സര്‍വേ നടത്തിയത്. 1102 അമേരിക്കന്‍ പൗരന്മാരുടെ പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷമുണ്ടായാല്‍ യു.എസ് ഇവരില്‍ ആരെ പിന്തുണയ്ക്കണം അല്ലെങ്കില്‍ ആരെയും പിന്തുണയ്‌ക്കേണ്ടതില്ലേ? ഇന്ത്യ-ചൈന സാമ്പത്തിക സംഘര്‍ഷമുണ്ടായാല്‍ യു.എസ് ഇവരില്‍ ആരെ പിന്തുണയ്ക്കണം അല്ലെങ്കില്‍ ആരെയും പിന്തുണയ്‌ക്കേണ്ടതില്ലേ? എന്നിങ്ങനെ രണ്ട് ഭാഗങ്ങളുള്ള രണ്ട് ചോദ്യങ്ങളിലാണ് അഭിപ്രായം തേടിയത്. ഇരു രാജ്യവും തമ്മില്‍ സൈനിക സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടാല്‍ ആരെയും പിന്തുണയ്‌ക്കേണ്ടെന്ന് 63.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ-ചൈന സാമ്പത്തിക സംഘര്‍ഷത്തിലും ആരെയും പിന്തുണയ്‌ക്കേണ്ടെന്ന് 60.6 ശതമാനം പേര്‍ പ്രതികരിച്ചു.

അതേസമയം, ഏതെങ്കിലും ഒരു രാജ്യത്തെ പിന്തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ടവരില്‍ ഏറെയും ഇന്ത്യയോടാണ് താല്‍പര്യം അറിയിച്ചത്. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷമുണ്ടായാല്‍ യു.എസ് ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് 32.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ചൈനയെ പിന്തുണയ്ക്കണമെന്ന് 3.8 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടാല്‍ യു.എസ് ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് 36.3 ശതമാനവും ചൈനയെ പിന്തുണയ്ക്കണമെന്ന് 3.1 ശതമാനവും പ്രതികരിച്ചു.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സേനകള്‍ ഏറ്റുമുട്ടിയ സാഹചര്യത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്. അതിര്‍ത്തി സംഘര്‍ഷത്തില്‍ യു.എസ് ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. ഹോങ്കോങ്ങില്‍ ഉള്‍പ്പെടെ ചൈന സ്വീകരിച്ച ഏകാധിപത്യ നടപടികള്‍ക്കെതിരെയും യു.എസ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. കോവിഡ് വ്യാപനത്തിനു പിന്നാലെ അമേരിക്കയില്‍ ശക്തി പ്രാപിച്ച ചൈന വിരുദ്ധതയാണ് ഇന്ത്യയുടെ പിന്തുണ വര്‍ധിക്കാന്‍ കാരണമായതെന്നാണ് സര്‍വേ വിലയിരുത്തുന്നത്.