അനിയന്‍ ജോര്‍ജിനെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി നാമനിര്‍ദ്ദേശം ചെയ്തു

വിവിധ അമേരിക്കന്‍ മലയാളി സംഘനകളുടെ കൂട്ടായ്മയായ ഫോമയുടെ അടുത്ത തിരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അനിയന്‍ ജോര്‍ജിനെ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി നാമനിര്‍ദ്ദേശം ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ വിവിധ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അനിയന്‍ ജോര്‍ജിനെ ഫോമയുടെ അമരത്തേക്ക് നിര്‍ദ്ദേശിക്കുന്നതെന്ന് കാബ് ഭാരവാഹികള്‍ അറിയിച്ചു. ഫോമയുടെ സ്ഥാപക സെക്രട്ടറിയായ അനിയന്‍ ജോര്‍ജ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് .കേരളത്തില്‍ ഫോമ നടപ്പിലാക്കിയ ഫോമ വില്ലേജ് പ്രൊജക്റ്റിന്റെ ചെയര്‍മാനായിരുന്നു.കോവിഡ് തുടങ്ങിയ വേളയില്‍ അനിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച മലയാളി ഹെല്‍പ്പ് ലൈന്‍ ഗ്രൂപ്പ് ഇന്നും നിരവധി പേര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തനം തുടരുന്നു.പത്തനംതിട്ട ജില്ലയിലെ മുല്ലപ്പള്ളി സ്വദേശിയായ ഇദ്ദേഹം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അമേരിക്കയിലെത്തിയത്.റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനിയന്‍ പ്രവാസ ജീവിതത്തിന്റെ തുടക്കം മുതല്‍ സാമൂഹ്യ സംഘടന രംഗങ്ങളില്‍ സജീവമാണ്.കേരള ഹൈക്കോടതിയില്‍ നാലര വര്‍ഷം അഭിഭാഷകനായിരുന്ന അനിയന്‍ ജോര്‍ജ് ചങ്ങനാള്ളേരി എസ്ബി കോളേജില്‍ കൗണ്‍സിലറും എറണാകുളം ലോ കോളേജില്‍ ചെയര്‍മാനും കേരളാ യൂണിവേഴ്‌സിറ്റി യൂണിയനില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.ഈ മാസം ആദ്യ വാരം നടക്കാനിരുന്ന ഫോമാ പുതിയ കണ്‍വെന്‍ഷനിലായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്.കോവിഡിനെ തുടര്‍ന്നാണ് ഈ ഷെഡ്യൂള്‍ മാറ്റിവെച്ചത്. ന്യൂജേഴ്‌സിയിലാണ് കുടുംബത്തോടൊപ്പം അനിയന്‍ ജോര്‍ജ് ഇപ്പോള്‍ താമസിക്കുന്നത്.